തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുപ്പിച്ച് വി.എം.സുധീരൻ. മുൻ മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ.കെ. മഹേശന്റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ഉയർന്നത് വെള്ളാപ്പള്ളി നടേശനെ ആകെ പരിഭ്രാന്തനാക്കി.
ശ്രീനാരായണഗുരുവും എസ്എൻഡിപി നേതൃത്വവും ഉയർത്തിപ്പിടിച്ച ഉദാത്തമായ ആശയങ്ങൾക്ക് വിരുദ്ധമായാണ് വെള്ളാപ്പള്ളി ഇപ്പോൾ പ്രവർത്തിക്കുന്നത്. സത്യസന്ധമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരാൻ കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ അന്വേഷണസംഘം രൂപീകരിക്കണമെന്നും സുധീരൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
മഹേശന്റെ മരണത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് താനും മഹേശന്റെ ഭാര്യയും മുൻപ് പിണറായി വിജയന് കത്ത് നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ടാണ് പിണറായിക്ക് സംഭവിച്ച ഏറ്റവും വലിയ ദുരന്തം. കേസിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മഹേശന്റെ ഭാര്യ നൽകിയ പരാതി തിങ്കളാഴ്ച സർക്കാരിന് കൈമാറിയതായും സുധീരൻ വ്യക്തമാക്കി.